Friday 17 July 2015

അങ്ങനെ ശങ്കരന്‍ ശില്‍പിയായി

പത്രമോഫീസിലേക്ക് ഒരു പഴയ സഞ്ചിയുമായി കയറിവരുമ്പോള്‍ ശങ്കരേട്ടന്റെ ഷര്‍ട്ടില്‍ പുരണ്ട ചെളിപ്പാടുകള്‍ ഞാന്‍ ശ്രദ്ധിച്ചു. ഇയാളെക്കുറിച്ച് എന്തു സ്‌റ്റോറി ചെയ്യാനെന്ന് ചിന്തിക്കാതിരുന്നില്ല.
ശില്പിയാണ്, കലാകാരനാണ് എന്നൊന്നുമാലോചിച്ചില്ല. ഒരു മരപ്പണിക്കാരന്‍, അത്രയേ എന്റെ പരിഗണനയില്‍ ഉണ്ടായിരുന്നുള്ളൂ.
ഒരു സ്‌റ്റോറി ഉണ്ട്. ഫോട്ടോ എടുക്കേണ്ടിവരും. ഫോട്ടോഗ്രാഫറോട് ഇന്റര്‍കോമിലൂടെ പറയുന്നതുകേട്ടപ്പോള്‍ പോക്കറ്റില്‍ നിന്നു ചീര്‍പ്പെടുത്ത് ശങ്കരേട്ടന്‍ തലമുടി ചീകിയൊതുക്കാന്‍ തുടങ്ങി.
സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ് മരത്തില്‍ തീര്‍ത്ത ശില്‍പങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ അടങ്ങിയ ആല്‍ബം അയാളെനിക്കു തന്നു.
ഞാന്‍ ആല്‍ബത്തിന്റെ പേജുകള്‍ മറയ്ക്കുമ്പോള്‍ അയാള്‍ ചുവരിലെ മാതാവിന്റെ ചിത്രത്തിലേക്കും എയര്‍ കണ്ടീഷനിലേക്കുമെല്ലാം മാറിമാറി നോക്കുന്നുണ്ടായിരുന്നു.
ശില്‍പം നിര്‍മിക്കാനെടുക്കുന്ന സമയത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചുമെല്ലാം ചിത്രങ്ങള്‍ നോക്കുന്നതിനിടയ്ക്ക് ഞാന്‍ ചോദിച്ചു.
മനോഹരമായ ശില്‍പങ്ങളായിരുന്നെങ്കിലും വിരസമായി നോക്കിയ ശേഷം ആല്‍ബം തിരികെ നല്‍കി.
സംസാരിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് മുന്നിലിരിക്കുന്ന ആളോട് എനിക്കു ബഹുമാനം തോന്നിയത്. ശങ്കരേട്ടന് ഒരു ഗുരു ഇല്ലെന്നും മുപ്പതാം വയസിലാണ് ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതെന്നുമൊക്കെ അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. പുരാണങ്ങളെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. ഒരു മണിക്കൂറിലധികം നീണ്ട ദീര്‍ഘ സംഭാഷണത്തില്‍ പക്ഷേ ശില്‍പകലയെക്കുറിച്ച് അധികമൊന്നും പറഞ്ഞില്ല.
അറിവുണ്ടെങ്കിലും എത്ര സാധാരണമായാണ് അയാള്‍ പെരുമാറുന്നത്. ചിലപ്പോള്‍ കലാകാരന്‍മാര്‍ എല്ലാവരും ഇങ്ങനെയായിരിക്കുമെന്ന് തോന്നി.
പോകുന്നതിനു മുമ്പ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി പത്രത്തില്‍ തന്നെക്കുറിച്ച് വന്ന വാര്‍ത്തയുടെ നിറം മങ്ങിയ കടലാസ് ശങ്കരേട്ടന്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് എടുത്ത് കാണിച്ചു.
1994ലാണ് ആ വാര്‍ത്ത വന്നിരിക്കുന്നത്. 91ല്‍ ജനിച്ച എനിക്കപ്പോള്‍ മൂന്നു വയസായിരിക്കുമല്ലോ എന്ന് ഓര്‍ത്തു.
പക്ഷെ ഇരുപതു വര്‍ഷം മുമ്പെടുത്ത ഫോട്ടോയിലും ശങ്കരേട്ടന്‍ ഏതാണ്ട് അങ്ങനെ തന്നെയാണ്.
ചേട്ടനുവലിയ മാറ്റമൊന്നുമില്ലല്ലോ..? ഞാന്‍ പറഞ്ഞു.
ശങ്കരേട്ടന്‍ ശബ്ദമുണ്ടാക്കാതെ ചിരിച്ചതേയുള്ളൂ.
യാത്രപറഞ്ഞ് പിരിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് ഒരു സ്‌റ്റോറിക്കുവേണ്ട വിവരങ്ങളൊന്നും ഞാന്‍ കുറിച്ചെടുത്തിരുന്നില്ല.
എങ്കിലും സംസാരിച്ച കാര്യങ്ങളൊക്കെവച്ചു ഒരെണ്ണം തട്ടിക്കൂട്ടി.
അങ്ങനെ ശങ്കരന്‍ ശില്‍പിയായി... പുസ്തകങ്ങളിലൂടെ. എന്നൊരു തലക്കെട്ടുമിട്ടു.

ജൂണ്‍ മാസത്തില്‍ രാഷ്ട്രദീപികയില്‍ വന്ന സ്റ്റോറി ഇതോടൊപ്പം ചേര്‍ക്കുന്നു.

...............................................................
അങ്ങനെ ശങ്കരന്‍ ശില്‍പിയായി ;
പുസ്തകങ്ങളിലൂടെ

തൃശൂര്‍: വരടിയം സ്വദേശിയായ ശില്‍പി വി.സി. ശങ്കരന്‍ മരത്തടികളില്‍നിന്ന് സൗന്ദര്യരൂപങ്ങളെ കണ്ടെടുക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടാകുന്നു. നൂറുകണക്കിന് ജീവന്‍ തുടക്കുന്ന ശില്പങ്ങള്‍ തീര്‍ത്തുകഴിഞ്ഞെങ്കിലും ആ മാന്ത്രികവിദ്യ താനെങ്ങനെ വശത്താക്കിയെന്നത് ശങ്കരന് ഇന്നും വിസ്മയമാണ്.
ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരച്ചിരുന്ന ശങ്കരന് പക്ഷേ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ഒരു ജോലിയായിരുന്നു ആവശ്യം. ചാലക്കുടി ഐടിഐയില്‍ പഠിച്ചിറങ്ങി ഒരു വര്‍ഷം ജോലിയും ചെയ്തു. കലയുടെ ഉള്‍വിളിയെ അവഗണിക്കാനാവാതെ ആ ജോലി ഉപേക്ഷിച്ച് ബോര്‍ഡെഴുത്ത്, പ്രോട്രൈറ്റ് വര തുടങ്ങിയ ചില്ലറ ജോലികള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴും ഒരു ശില്‍പിയായി മാറുമെന്ന് അയാള്‍ കരുതിയിരുന്നില്ല.
ഉളിപിടിച്ചുപരിചയമുണ്ടോ? 30ാം വയസില്‍ തച്ചുശാസ്ത്രം പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നപ്പോള്‍ ശില്പി ശിവന്‍ ആശാന്‍, ശങ്കരനോട് ചോദിച്ചത് ഒരേയൊരുകാര്യം മാത്രം. ചെയ്യാം എന്നായിരുന്നു മറുപടി. തിരുവമ്പാടി ക്ഷേത്രത്തിനുടുത്തെ ഗുരുവിന്റെ വീട്ടിലുള്ള തച്ചുശാസ്ത്രപഠനം മൂന്നു മാസം മാത്രമേ തുടരാനായുള്ളു. ശില്പകലയുടെ ബാലപാഠങ്ങള്‍പോലും വശത്താക്കാനാവാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ശങ്കരന്‍ ശില്‍പിയാകണമെന്ന തന്റെ ആഗ്രഹത്തെ കൈവിട്ടില്ല. പ്രായം, കുലം, സാമ്പത്തിക ശേഷി ഇതൊന്നും ആ ലക്ഷ്യത്തിന് തടസവുമായില്ല. തച്ചുശാസ്ത്രപരമായ കണക്കുകളും ശില്പകലയിലെ ചില നുറുങ്ങുവിദ്യകളുമൊക്കെ പിന്നീട് പുസ്തകങ്ങളില്‍ നിന്ന് പഠിക്കാന്‍ തീരുമാനിച്ചു.
പയ്യന്നൂര്‍ കേശവനാചാരിയുടെ ചിത്രശില്പ ശാത്രഗന്ധം എന്ന പുസ്തകം തൃശൂരിലെ ഒരു ബുക്സ്റ്റാളില്‍ നിന്ന് ലഭിച്ചത് ജീവിതത്തിലെ വഴിത്തിരിവായി. ഏകലവ്യനെപ്പോലെ മനസില്‍ ഗുരുവായി കാണുന്നതും പയ്യന്നൂര്‍ കേശവനാചാരിയെ തന്നെ.
കാണിപ്പയ്യൂര്‍ നമ്പൂതിരിയുടെ ശില്പതന്ത്രം, വിഷ്ണു ധര്‍മോത്തമ പുരാണത്തിലെ ശില്പസൂത്ര തുടങ്ങിയ പുസ്തകങ്ങളിലൂടെ കൂടുതല്‍ ആഴത്തിലുള്ള അറിവുകള്‍ നേടി. ശില്പിയെന്തിന് ഉപനിഷത്തുകളെക്കുറിച്ചും നാട്യശാസ്ത്രത്തെക്കുറിച്ചുമെല്ലാം അറവുനേടണം. അയാള്‍ക്ക് ഉളിപിടിക്കാനുള്ള കൈയുറപ്പുമാത്രം പോരെ? പോര എന്നാണ് ശങ്കരന്‍ പറയുന്നത്. ഭാവങ്ങളുടെ പൂര്‍ണതയ്ക്കായി പൗരാണിക ഗ്രന്ധങ്ങളില്‍നിനിന്ന് അയാള്‍ തനിക്കു ആവശ്യമുള്ളതെല്ലാം കണ്ടെത്തി. നേടിയെടുത്ത അറിവ് ആ കരവിരുതില്‍ വിരിഞ്ഞ ശില്‍പങ്ങളില്‍ പ്രതിഫലിച്ചു.
ലക്ഷ്മിനാരായണ, ക്രിസ്തുവിന്റെ വിവിധരൂപങ്ങള്‍, വിമോക്ഷ, ചണ്ടാല ഭിക്ഷുകി, കന്യാമറിയം, ഗീതോപദേശം തുടങ്ങി നിരവധി ശില്‍പങ്ങള്‍ ശങ്കരന്റേതായുണ്ട്. കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനത്ത് സ്ഥാപിച്ച മദര്‍തെരേസയുടെ ശില്പം ശങ്കരന്റെ സൃഷ്ടിയാണെന്നത് അധികമാര്‍ക്കുമറിയില്ല. ഒളരി ലിറ്റില്‍ഫഌവര്‍ ദേവാലയത്തിലെ പത്തടിയിലധികം ഉയരമുള്ള ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് സൃഷ്ടിച്ചവയില്‍ ഏറ്റവും വലിപ്പമുള്ളത്. 2002ലെ ദുബായ് ഫെസ്റ്റിവലില്‍ ശങ്കരന്‍ ഈട്ടിത്തടിയില്‍ രൂപപ്പെടുത്തിയ 15 അടി നീളമുള്ള ദിനോസര്‍ ശില്പം സ്ഥാനം പിടിച്ചത് വാര്‍ത്തയായിരുന്നു. കുട്ടുക്കാലത്ത് താന്‍ പഠിക്കാനഗ്രഹിച്ച ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സന്ദര്‍ശകാധ്യാപകനായി ക്ലാസെടുക്കാനുള്ള അവസരവും ശങ്കരന് ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വിസിറ്റിംഗ് ഫാക്കല്‍റ്റിയില്‍ ശങ്കരന്‍ ശില്പകലാ അധ്യാപകന്റെ വേഷമണിഞ്ഞത്.
അംഗീകാരങ്ങള്‍ തന്നെ തേടിവരാത്തത്തില്‍ ശങ്കരന് വിഷമമൊന്നുമില്ല. ഓരോ ശില്പവും പൂര്‍ത്തിയാകുമ്പോള്‍ ശില്പിക്കുണ്ടാവുന്ന സംതൃപ്തി. അതുമതി അദ്ദേഹത്തിന്. വരടിയത്തുള്ള ശങ്കരന്റെ വീട് എന്നുമൊരു പണിശാലയാണ്. മരത്തില്‍ ഉളിപതിയുന്ന ശബ്ദം അവിടെനിന്ന് എപ്പോഴും കേള്‍ക്കാം. ഏകലവ്യനു സംഭവിച്ചതുപോലെ സാങ്കല്പിക ഗുരുക്കന്‍മാരാരും പെരുവിരല്‍ തേടി വരാതിരുന്നതിനാല്‍ അയാള്‍ ഇപ്പോഴും ശില്‍പങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു.

Sunday 26 April 2015

ബാല്യകാല സഖിയുടെ കത്ത്‌

അജില്‍ നാരായണാ.. എന്നെങ്കിലും കാണുമ്പോള്‍ ചോദിക്കാന്‍ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു എന്റെ മനസ്സില്‍. ചിലനേരത്ത്‌ കണ്ണാടിയില്‍ നോക്കി പറയുമായിരുന്നു അതൊക്കെ. ചീത്തപറയാനായിരുന്നില്ല, പിന്നെ ചിലനേരത്തു പ്രതികാരം തീര്‍ക്കണം എന്നുതോന്നും പക്ഷേ അപ്പോള്‍തന്നെ തോന്നും എന്തിന്‌ എന്ന്‌. ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട്‌ ഒന്നു സംസാരിക്കാന്‍, ഒരു ഫ്രണ്ടായി കിട്ടിയെങ്കിലെന്ന്‌, തന്റെ നല്ലൊരു ഫ്രണ്ടാവണം എനിക്കെന്ന്‌. ആഗ്രഹങ്ങള്‍ ചിലസമയത്ത്‌ തീവ്രമാവും, അപ്പോള്‍ എന്നോടുതന്നെ ദേഷ്യം തോന്നും. വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീഴുംതോറും ആ ആഗ്രഹങ്ങളെ മറക്കാന്‍ തുടങ്ങി. വല്ലപ്പോഴും ഓര്‍മ്മവരുമ്പോള്‍, ബസ്സില്‍ കയറുമ്പോള്‍ ഒക്കെ തോന്നും ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്‌. പിന്നെപിന്നെ വേദനകളെ ഉള്ളിലൊതുക്കാന്‍ പഠിച്ചപ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ മുങ്ങിപ്പോയി. തട്ടത്തിന്‍ മറയത്ത്‌ എന്ന ഫിലിമിലെ ഒരു ഡയലോഗുണ്ട്‌, ചില ആഗ്രഹങ്ങള്‍ നമ്മള്‍ മറന്നാലും ദൈവം മറക്കില്ലാന്ന്‌, അത്‌ ശരിയാണെന്നു തോന്നുന്നു. അതുകൊണ്ടാവും ഇപ്പോള്‍ മനസ്സിലെ സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്ത്‌ ഒരു നല്ല ഫ്രണ്ടാവാന്‍ സാധിച്ചത്‌.
വട്ടായെന്നു തോന്നുന്നുണ്ടോ തനിക്ക്‌? ഇല്ലാട്ടോ.. പണിയൊന്നും ഇല്ലാതെ ഇരുന്നപ്പോള്‍ ചുമ്മാ ഫ്‌ളാഷ്‌ബാക്കൊക്കെ ഒന്ന്‌ ആലോചിച്ചതാ. അപ്പോള്‍ ഇയാളോടതുപറയണമെന്നുതോന്നി. ശരിക്കും വട്ടെനിക്കാണ്‌, ഒന്നു നോക്കുകപോലും ചെയ്യാത്ത, ഒന്നുചിരിക്കുക പോലും ചെയ്യാത്ത ഒരാളെ ഒരുപാടുകാലം പ്രണയിക്കുക എന്നു പറഞ്ഞാല്‍ വട്ടല്ലാതെ പിന്നെന്താ? ഇപ്പോള്‍ തമാശതോന്നുന്നു. ഹരിയോടു ഞാന്‍ ഫസ്റ്റ്‌ ഇയറില്‍ പഠിക്കുമ്പോള്‍ പറയുമായിരുന്നു ഒരിക്കല്‍ ഇയാളെന്നെ മനസ്സിലാക്കുമെന്ന്‌. ക്ലാസ്സിലെ കുറച്ചു ഫ്രണ്ട്‌സ്‌ തന്റെ പേരുപറഞ്ഞു കളിയാക്കുമായിരുന്നു. തന്നോടു സംസാരിക്കാനെനിക്ക്‌ അറിയില്ലായിരുന്നു. പിന്നെ തന്റെ വിശേഷങ്ങളറിയാന്‍ അവനു തന്റെ നമ്പര്‍ കൊടുത്തു. പാവം തന്നെ വിളിക്കുന്ന ദിവസം ആ വിശേഷങ്ങളെനിക്കു പറഞ്ഞുതരുമായിരുന്നു. മറക്കാന്‍ പറഞ്ഞിട്ടില്ല ഒരിക്കലുമെന്നോടവന്‍. അവനെന്നെ മനസ്സിലാവും. എന്റെ വിരലെന്തിന്‌ അനങ്ങുന്നു എന്നുപോലും അവനറിയാം. അതുകൊണ്ടായിരിക്കും ഞാനിത്രയും മാറിയത്‌. തന്നോടു വീണ്ടും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്‌. ഞാന്‍ പറഞ്ഞില്ലേ, ഇത്രയും സന്തോഷം ഞാന്‍ അനുഭിവിച്ചിട്ടില്ല....


മുഖമില്ലാത്തവന്‍: ഈ വാക്കുകളുടെ ഉടമയ്‌ക്ക്‌ രണ്ടുവര്‍ഷം മുമ്പ്‌ ഞാനൊരു വാക്കുനല്‍കിയിരുന്നു. ഈ കത്തൊരിക്കലും മറ്റൊരാള്‍ കാണാന്‍ ഇടവരില്ലെന്ന്‌. അറിവില്ലാത്ത പ്രായത്തിലാണെങ്കില്‍പ്പോലും അവള്‍ക്കുകൊടുത്ത ഒരു വാക്കും പാലിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. ആ കുറ്റബോധത്തോടൊപ്പം ഈ ചെറിയ തെറ്റും ചേര്‍ത്തുവെയ്‌ക്കുകയാണ്‌...


Saturday 11 April 2015

കുട്ടിക്കാലത്ത്‌ ഞാന്‍ പറയാന്‍ ഉദ്ദ്യേശിക്കുന്ന കാര്യം പലപ്പോഴും അവന്‍ പറയാറുണ്ട്‌. ചിലപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേസമയത്ത്‌ ഒരുകാര്യത്തെക്കുറിച്ച്‌ സംസാരിച്ചുതുടങ്ങും. കൂട്ടുകാരോട്‌ ഞങ്ങള്‍ പറയുന്ന നുണകളില്‍പ്പോലും ഒരു കോമ്പിനേഷന്‍ ഉണ്ടായിരുന്നു. ഒരുപാടുകാലത്തിന്‌ ശേഷം ആ പഹയന്‍ ഇന്ന്‌ കാണാന്‍ വന്നതാണ്‌. 
അവന്റെ മൊബൈല്‍ഫോണിന്റെ ബാക്ക്‌കവറില്‍നിന്ന്‌ ഒരു ഭാഗം അടര്‍ന്നുപോയതായി കണ്ടു. കൈയില്‍നിന്ന്‌ വീണതാണത്രേ. എന്റെ ഫോണില്‍നിന്നും അതേസ്ഥലത്തുനിന്ന്‌ ഒരു കക്ഷണം പോയിട്ടുണ്ട്‌. കൈയില്‍നിന്ന്‌ വീണതുതന്നെ.

Saturday 4 April 2015

ഒരു ഘര്‍വാപ്പസി ഓര്‍മ

പെണ്‍കുട്ടികളുടെ മൂത്രപ്പുരയുടെ പുറംചുവരില്‍ പ്രത്യക്ഷപ്പെട്ട രണ്ടേ രണ്ടുവാക്കുകളായിരുന്നു അന്ന്‌ പടിങ്ങാറ്‌ മുസ്ലീം സ്‌കൂളിലാകെ സംസാരവിഷയം. ഒന്നാം ബെല്ലടിച്ചിട്ടും ക്ലാസുകളില്‍ കയറാതിരുന്ന കുട്ടികള്‍ താറാവുകൂട്ടത്തെപ്പോലെ മൂത്രപ്പുരയ്‌ക്കു മുന്നില്‍ കൂട്ടംകൂടി നിന്നു. പതിവുപോലെ ഏറ്റുവുമൊടുവില്‍ സ്‌കൂളിലെത്തിയ റമീസും ഞാനുമായിരിക്കണം ആ ചുവരെഴുത്ത്‌ ഏറ്റവുമൊടുവില്‍ കണ്ടവര്‍.
റെയില്‍പാളം മുറിച്ചുകടന്ന്‌ ഞങ്ങള്‍ ഓടിക്കിതച്ച്‌ വരുന്നതുകണ്ടതോടെ കൂട്ടികള്‍ ഒന്നിച്ച്‌ കൂക്കുവിളിക്കാന്‍ തുടങ്ങി. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ എനിക്കോ, റമീസിനോ മനസിലായില്ല. ഞങ്ങള്‍ കുട്ടികള്‍ക്കിടയിലൂടെ തിക്കിത്തിരക്കി മുന്നിലെത്തിയപ്പോള്‍ കണ്ടകാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. അരികുവളഞ്ഞ ഒരു ലൗ ചിഹ്നത്തിനുള്ളില്‍ സുല്‍ഫത്തിന്റെ പേരിനൊപ്പം എന്റെ പേര്‌ നല്ല ഭംഗിയായി എഴുതിവെച്ചിരിക്കുന്നു.
എനിക്ക്‌ കരച്ചിലും തലചുറ്റലുമൊക്കെ ഒരുമിച്ചു വരുന്നതുപോലെ തോന്നി. റമീസിനു പക്ഷേ ദേഷ്യമാണ്‌ വന്നത്‌.
പോയിനെടാ ഹമുക്കുകളെ... അവന്‍ ഉറക്കെ ശബ്ദമുണ്ടാക്കി വിരട്ടിയോടിക്കാന്‍ നോക്കിയെങ്കിലും കുട്ടികള്‍ അല്‍പംകൂടി ഊര്‍ജമെടുത്ത്‌ കൂവാന്‍ തുടങ്ങി. രണ്ടാം ബെല്ല്‌ മുഴങ്ങുന്നതുവരെ അവന്‍ കുട്ടികളുടെ ആരവത്തോട്‌ മല്ലിട്ടുകൊണ്ടിരുന്നു. ഈ സമയമത്രയും ഞാന്‍ തോറ്റവനെപ്പോലെ തലതാഴ്‌ത്തി നില്‍ക്കുകയായിരുന്നു. ബെല്ലിന്റെ ശബ്‌ദം കേട്ടതോടെ കുട്ടികള്‍ എല്ലാവരും അവരരവുടെ ക്ലാസുകളിലേക്ക്‌ ഓടിപ്പോയി.
മൂത്രപ്പുരയ്‌ക്കുമുന്നില്‍ തനിച്ചായപ്പോള്‍ റമീസ്‌ എന്നെ തോളില്‍ കൈയിട്ട്‌ ആശ്വസിപ്പിച്ചു.
ഇജ്ജ്‌ ബേജാറാവണ്ട...
നനഞ്ഞ കണ്ണുകളോടെ ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ തൂവാലയില്‍ വെള്ളം നനച്ച്‌ അവന്‍ എഴുത്ത്‌ അപ്പാടെ മായ്‌ച്ചുകളഞ്ഞു.
അന്ന്‌ ഗീതടീച്ചര്‍ ക്ലാസെടുക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ നിന്ന്‌ മുറുമുറുപ്പു കേള്‍ക്കാമായിരുന്നു. എനിക്ക്‌ ഒന്നും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണുകള്‍ സുല്‍ഫത്തിനായി ക്ലാസിലുടനീളം പരതി. ഒന്നാം ബഞ്ചിലെ സുല്‍ഫത്തിന്റെ സീറ്റില്‍ മറ്റേതോ പെണ്‍കുട്ടിയാണ്‌ ഇരിക്കുന്നത്‌. അവള്‍ ഇന്ന്‌ അവധിയായിരിക്കണം. പിന്‍ ബഞ്ചില്‍ എവിടെയെങ്കിലും സുല്‍ഫത്ത്‌ ഉണ്ടായിരിക്കുമോ? ഞാന്‍ ഇടയ്‌ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. എന്റെ നോട്ടമെത്തുമ്പോഴൊക്കെ പെണ്‍കുട്ടികളുടെ കുശുകുശുപ്പ്‌ ചെറിയ ആരവമായി മാറുന്നത്‌ കേള്‍ക്കാമായിരുന്നു.
സ്‌കൂള്‍വിട്ട്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ പുഴയോരത്ത്‌ സുല്‍ഫത്തിന്റെ വീടുകാണാമായിരുന്നു. ബംഗ്ലാവുപോലുള്ള ആ വീട്ടില്‍ പന്ത്രണ്ട്‌ മുറികളുണ്ടെന്ന്‌ റമീസ്‌ പറഞ്ഞു. ഞാന്‍ അതിശയിച്ചുപോയി. ഒരിക്കല്‍പ്പോലും മനസില്‍ പതിഞ്ഞിട്ടില്ലാത്ത സുല്‍ഫത്തിന്റെ മുഖം രാത്രി കിടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
പിറ്റേന്ന്‌ ഞാനും റമീസും നേരത്തേ സ്‌കൂളിലെത്തി. ഒന്നാം ബഞ്ചിന്റെ അറ്റത്തായി സുല്‍ഫത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു. ഓള്‌ നിന്നെ നോക്കി... ഞാന്‍ കണ്ട്‌... ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ സിക്കന്ദര്‍ എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ സുല്‍ഫത്ത്‌ പാഠപുസ്‌തകത്തിലേക്ക്‌ നോക്കി തല താഴ്‌ത്തി ഇരിക്കുകയായിരുന്നു. തട്ടത്തിനുള്ളില്‍ കാണുന്ന അവളുടെ മുഖം അമ്പിളിമാമനെപ്പോലെയാണെന്നെനിക്കു തോന്നി. അടുത്ത ദിവസംമുതല്‍ അമ്മ രാവിലെ തൊടുവിച്ചുതരുന്ന ചന്ദനക്കുറി സ്‌കൂളിലെത്തുന്നതിന്‌ മുമ്പ്‌ ഞാന്‍ മായ്‌ച്ചുകളയാന്‍ തുടങ്ങി. സുല്‍ഫത്ത്‌ പക്ഷേ, പിന്നീടൊരിക്കലുമെന്നെ നോക്കിയതുപോലുമില്ല. :(

Wednesday 4 March 2015

യാത്ര

ഇന്നലെ പുലര്‍ച്ചയ്ക്ക് താണിപ്പാടത്ത് ബസില്‍ വന്നിറങ്ങുമ്പോള്‍ ഇരുട്ടിന്റെ മറപറ്റി ഒരുകൂട്ടം കാളകള്‍ കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്നതുകണ്ടു. തടഞ്ഞുനിര്‍ത്തി ചോദിച്ചപ്പോള്‍ മഹാരാഷ്ട്രയിലേക്കാണത്രേ.
എല്ലാവിധി യാത്രാ മംഗളങ്ങളും നേര്‍ന്നു. ഒപ്പം ഗോവധനിരോധനത്തിന്റെ വാര്‍ത്ത ഒന്നാംപേജില്‍ അച്ചടിച്ച മംഗളം പത്രത്തിന്റെ രണ്ടുകോപ്പികള്‍ ഞാനവയ്ക്ക് തിന്നാന്‍ കൊടുത്തു. 

Sunday 1 March 2015

ബിരിയാണി

തൃശൂരു പോയപ്പോള്‍ അപ്പച്ചന്‍ എനിക്ക്‌ ബിരിയാണി വാങ്ങിത്തന്നു.
ഞങ്ങള്‍ തെങ്ങോലകൊണ്ട്‌ നക്ഷത്രം ഉണ്ടാക്കി കളിക്കുമ്പോള്‍ സാമ്പാറ്‌ പറഞ്ഞു.
എനിക്കന്ന്‌ അഞ്ചോ ആറോ വയസേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം.
ബിരിയാണി എന്ന വാക്ക്‌ അതുവരെ ഞാൻ കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല.
ബിരിയാണിയോ.. അതെന്താ..? ഞാന്‍ അവനോട്‌ ചോദിച്ചു.
നെയ്യും ഗ്രാമ്പൂവും ഉണക്കമുന്തിരിയുമിട്ട മണമുള്ള ചോറാണെന്നും, കഴിക്കാന്‍ നല്ലരുചിയാണെന്നും, കോഴിയിറച്ചി കൂട്ടിയാണ്‌ കഴിക്കുക എന്നുമൊക്കെ അവന്‍ എനിക്കുപറഞ്ഞുതന്നു.
സാമ്പാറ്‌ വിവരിച്ചപ്പോള്‍ ബിരിയാണിയുടെ രൂപമായി ആണിപോലെ മൂര്‍ച്ചയുള്ള എന്തോ വസ്‌തുവാണ്‌ എന്റെ മനസില്‍ തെളിഞ്ഞത്‌.
അന്നുമുതല്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതാണ്‌ ബിരിയാണി കഴിക്കുന്നത്‌.
ഇന്നത്തെപ്പോലെ എല്ലാ ഫംഗ്‌ഷനിലും ബിരിയാണിവെയ്‌ക്കുന്ന പതിവൊന്നും അന്നുഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാനൊന്നും ഞങ്ങളുടെ കുടുംബത്തിന്‌ കെല്‍പും ഇല്ലായിരുന്നു.
ഒന്നോ രണ്ടോ വര്‍ഷം ബിരിയാണി കഴിക്കുന്നത്‌ സ്വപ്‌നമായിത്തന്നെ അവശേഷിച്ചു.
പൂമരച്ചുവട്ടില്‍ പുതുതായി വീടുവെച്ച അല്‍പം മികച്ച സാമ്പത്തികശേഷിയുള്ള ഷാജിക്കയുടെ കല്യാണത്തിനാണ്‌ ആദ്യമായി ബിരിയാണി കാണുന്നത്‌.
ഷാജിക്കയുടെ കല്യാണത്തിന്‌ ബിരിയാണി ഉണ്ടാകുമെന്ന വാര്‍ത്ത സാമ്പാറുതന്നെയാണ്‌ എന്നോട്‌ പറഞ്ഞത്‌.
കല്യാണത്തിന്‌ അറക്കാനുള്ള പോത്തിന്‍കുട്ടിയെ ആഴ്‌ചകള്‍ക്കുമുമ്പുതന്നെ കൊണ്ടുവന്നിരുന്നു.
അതിനെ കല്യാണത്തിന്‌ കൊല്ലുമെന്ന്‌ കുഞ്ഞിപ്പാത്തുമ്മ പറഞ്ഞു. ബിരിയാണിയിലിടാനുള്ള ഇറച്ചിയാക്കാനാണ്‌.
എനിക്ക്‌ വിഷമം തോന്നി.
പൂമരച്ചുവട്ടിലെ മന്തന്‍ പൂമരത്തിന്റെ ചുവട്ടില്‍ കെട്ടിയിട്ടിരുന്ന പോത്തിന്‌ ഞങ്ങള്‍ പ്ലാവിലകള്‍ പെറുക്കിക്കൊണ്ടു കൊടുത്തു.
നിക്കാഹിന്‌ ഓരോ ദിവസവും അടുക്കും തോറും ബിരിയാണി തിന്നാനുള്ള കൊതി കൂടിക്കൂടി വന്നു.
അങ്ങനെ ആ ദിവസം വന്നെത്തി.
പൂമരത്തിന്‌ ചുവട്ടില്‍ കെട്ടിയിട്ടിരുന്ന പോത്ത്‌ വൈകുന്നേരത്തോടെ അപ്രത്യക്ഷമായി.
ഷാജിക്കയുടെ വീടിന്‌ പുറകിലുള്ള പറമ്പിലിട്ട്‌ അതിനെ കൊന്നുവെന്നും, കഴുത്തില്‍ വാളുകൊണ്ട്‌ അറക്കുന്നത്‌ താന്‍ കണ്ടുവെന്നും സാമ്പാര്‍ വീരവാദം മുഴക്കി.
ചണ്ണക്കാലും മുട്ടത്തലയുമുള്ള ഒരു സായിവാണ്‌ ബിരിയാണി വെയ്‌ക്കാന്‍ വന്നത്‌. നിക്കാഹിന്റെ തലേന്ന്‌ സായിവ്‌ ബിരിയാണിവെയ്‌ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ അയാളെ ചുറ്റിപ്പറ്റി നിന്നു. ബിരിയാണി വെന്തുതുടങ്ങുമ്പോഴുള്ള കൊതിപ്പിക്കുന്ന മണം കേട്ടപ്പോള്‍ത്തന്നെ വായില്‍ വെള്ളം നിറഞ്ഞിരുന്നു.
പിറ്റേന്ന്‌ നിക്കാഹിന്‌ ആദ്യപന്തിയില്‍ത്തന്നെ ഞാനും സാമ്പാറും, കുഞ്ഞിപ്പാത്തുവും ഇടംപിടിച്ചു. പോത്തിറച്ചികൂട്ടി ബിരിയാണി വയറുനിറയെ അകത്താക്കി. അങ്ങനെ ബിരിയാണി തിന്നണമെന്ന വലിയൊരാഗ്രഹം സഫലമായി.