Monday, 6 June 2016

അര്‍ഥരാത്രിയിലെ കോടമഞ്ഞ്... എവിടെ നിന്നു വന്നതെന്ന് അറിയില്ല.

Monday, 7 March 2016

ചാത്തന്‍



ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ഗ്രൗണ്ടില്‍ കൂടിനിന്ന കുട്ടികളില്‍ നിന്ന് ഓരോരുത്തരെയായി വിളിച്ചെടുത്തുകൊണ്ടിരുന്നു. സ്വന്തമായി ബൂട്ടുണ്ടായിരുന്ന എല്ലാവരും ഇരു ടീമുകളിലേക്കുമായി വീതിക്കപ്പെട്ടപ്പോള്‍ ഗ്രൗണ്ടിനുനടുവില്‍ ഞാനും ചാത്തനും മാത്രമായി. കട്ടിയുള്ള തുണിക്കക്ഷണം മുറുകെ ചുറ്റിയ കാലുകളുമായി ഞങ്ങള്‍ അപമാനിതരെപ്പോലെ തലകുനിച്ചുനിന്നു.
ഇന്നുമുതല്‍ ബൂട്ടില്ലാത്തവരെ കളിപ്പിക്കേണ്ടെന്നാണ് തീരുമാനം.
കറുപ്പും വെളുപ്പും കട്ടകളില്‍ അഡീഡാസിന്റെ ഡ്യൂപ്ലിക്കേറ്റ് എംബ്ലമുള്ള ഫുട്‌ബോള്‍ കുട്ടികള്‍ക്കായി എറിഞ്ഞുകൊടുക്കുമ്പോള്‍, കോച്ച് ഞങ്ങളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
ചവിട്ടുകൊണ്ട് നിന്റെയൊക്കെ കാലുപൊളിഞ്ഞാല്‍ സമാധാനം പറയേണ്ടത് ഞാനാണ്.
ടീമില്‍ ഇടം കിട്ടിയവരുടെ കലപില ശബ്ദം അപ്പോള്‍ ഞങ്ങളെ കളിയാക്കുന്നതുപോലെ ഉച്ചത്തിലായി.

അവരെ ഗോളി നിര്‍ത്താം സാറേ.
നിരാശയും അപമാനവും കടിച്ചമര്‍ത്തി ഞങ്ങള്‍ തിരിച്ചുപോകാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ നിന്ന് ആരോ വിളിച്ചുപറഞ്ഞു.

പട്ടിക്കാട് സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഒരറ്റത്ത് ശവക്കോട്ടയും മറുവശത്ത് മൃഗാശുപത്രിയുമാണ്. കളി തുടങ്ങുമ്പോള്‍ ശവക്കോട്ടയുടെ വശത്തെ ഗോള്‍പോസ്റ്റില്‍ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് ചാത്തന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചിരിക്കുന്നതുപോലെ അവന്റെ പല്ലുകളുടെ വെളുപ്പ് മറുവശത്തെ പോസ്റ്റില്‍നിന്ന ഞാന്‍ കണ്ടു.
ജില്ലാ ടീമില് കളിക്കുന്ന ജോമോനായിരുന്നു എന്റെ ടീമിന്റെ ഫോര്‍വേഡ്. കളി മിക്കവാറും ചാത്തന്റെ ടീമിന്റെ പകുതിയിലായിരുന്നു. കാലില്‍ പന്തുകിട്ടുമ്പോഴൊക്കെ ജോമോന്‍ ശവക്കോട്ടയുടെ ഭാഗത്തേക്ക് ഓടിക്കയറി. ഇടയ്ക്ക് ഗ്രൗണ്ടിനു നടുവില്‍നിന്ന് ജോമോന്‍ നീട്ടിയെടുത്തൊരു ലോങ്ങ്‌റേഞ്ചര്‍ ചാത്തന്‍ ചാടിമറിഞ്ഞ് തട്ടിക്കളഞ്ഞപ്പോള്‍ എല്ലാവരും കൈയ്യടിച്ചു.
ഒന്നോ രണ്ടോതവണ പന്ത് തൊടാന്‍ കിട്ടിയതൊഴിച്ചാല്‍ ബൂട്ടുള്ള കുട്ടികള്‍ ഓടിക്കതച്ചു കളിക്കുന്നതും നോക്കി ഗോള്‍പോസ്റ്റിനുതാഴെ നില്‍ക്കലായിരുന്നു എന്റെ പണി.
ഞങ്ങള്‍ കളികഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ചാത്തന്‍ ഞൊണ്ടുന്നതു ശ്രദ്ധിച്ചു. അവന്റെ കണങ്കാലില്‍ തവളയുടേത് പോലെ ഒരു മുഴ കല്ലിച്ചുകിടക്കുന്നുണ്ടായിരുന്നു. ബൂട്ടിട്ട കുട്ടികളില്‍ ആരുടേയോ ചവിട്ടുകൊണ്ടതാണ്. ഞാനവനെ ആശ്വസിപ്പിക്കാനൊന്നും പോയില്ല.
നമ്മള്‍ ബൂട്ട് വാങ്ങും.
അക്വാഡിക്ട് പാലത്തിനു മുകളിലൂടെ ഞൊണ്ടിക്കൊണ്ടു നടക്കുമ്പോള്‍ അവന്‍ എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ പറഞ്ഞു. എങ്ങനെയെന്ന് ഞാന്‍ ചോദിച്ചില്ല. അവന്‍ സ്വയം ആശ്വസിപ്പിക്കാന്‍ പറഞ്ഞതായിരിക്കുമെന്നു കരുതി.
ചാത്തന്റെ കാലുശരിയാവുന്നതുവരെ പിന്നെ കളിക്കാന്‍ പോയില്ല. അഞ്ചോ ആറോ ദിവസം അങ്ങനെ കഴിഞ്ഞുപോയി.
ഒരുവൈകുന്നേരം വീട്ടിലേക്ക് വന്ന ചാത്തന്റെ കയ്യില്‍ നൂറുരൂപാ നോട്ടുകളുടെ ഒരു കെട്ട് ഉണ്ടായിരുന്നു.
പത്തുരണ്ടായിരം രൂപയുണ്ട്.
ടൗണീ പൂവാടാ.. ബൂട്ട് മാത്രമല്ല പുതിയ ജഴ്‌സീം നമ്മള്‍ വാങ്ങും. വെളുത്തപല്ലുകള്‍കാട്ടി ചാത്തന്‍ ചിരിച്ചു.
ലിമിറ്റഡ് സ്‌റ്റോപ്പ് ബസില്‍ തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ ഞങ്ങള്‍ എന്തൊക്കെയാണ് വാങ്ങേണ്ടതെന്നതിനെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
നടുവിലാലിലെ ചെറിയ സ്‌പോര്‍ട്‌സ് കടയില്‍നിന്ന് ചുവന്ന നിറത്തിലുള്ള പ്ലാസ്റ്റിക് ബൂട്ടുകളും ചെല്‍സിയുടെ കറുത്ത ജേഴ്‌സിയുമാണ് ഞങ്ങള്‍ വാങ്ങിയത്. കിട്ടാവുന്നതില്‍വച്ച് ഏറ്റവും വിലക്കുറവുള്ളവ.
ശക്തന്‍ സ്റ്റാന്‍ഡിലേക്കു തിരികേ പോകുമ്പോള്‍ മുന്‍സിപ്പല്‍ റോഡില്‍ നല്ല തിരക്കുണ്ടായിരുന്നു. ഗോള്‍പോസ്റ്റിലേക്കു പന്തുമായി കുതിക്കുന്ന ഫോര്‍വേഡുകളിക്കാരെപ്പോലെ ഞങ്ങള്‍ എതിരെയും കുറുകെയുമായി വന്ന ആളുകളെ ഇടംവലം കട്ടു ചെയ്ത് ഓടി. 
ജഴ്‌സി ധരിച്ച് ബൂട്ടു തലയ്ക്കരികില്‍വെച്ചാണ് അന്നുരാത്രി ഉറങ്ങാന്‍ കിടന്നത്. എങ്ങിനെയും ഒന്നു നേരം വെളുപ്പിച്ചാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ നട്ടപ്പാതിര കഴിഞ്ഞിട്ടും കണ്ണടയ്ക്കാന്‍ പോലുംപറ്റിയില്ല.
രാവിലെ ചാത്തനെത്തുമ്പോഴേക്കും ബൂട്ടും ജഴ്‌സിയും അണിഞ്ഞ് ഞാന്‍ റെഡിയായിരുന്നു. വെക്കേഷന്‍ മുഴുവന്‍ പെയിന്റു പണിക്കുപോയി വാങ്ങിയ സൈക്കിള്‍ അവന്‍ വിറ്റകാര്യം അപ്പോഴാണ് അറിയുന്നത്. നമുക്ക് നടക്കാടാ... അവനെന്റെ തോളില്‍തട്ടി പറഞ്ഞു. 
ഗ്രൗണ്ടിലേക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരം ബൂട്ടിട്ട കാലുകളുമായി ഞങ്ങള്‍ സ്ലോമോഷനില്‍ ഓടി.