Friday, 17 July 2015

അങ്ങനെ ശങ്കരന്‍ ശില്‍പിയായി

പത്രമോഫീസിലേക്ക് ഒരു പഴയ സഞ്ചിയുമായി കയറിവരുമ്പോള്‍ ശങ്കരേട്ടന്റെ ഷര്‍ട്ടില്‍ പുരണ്ട ചെളിപ്പാടുകള്‍ ഞാന്‍ ശ്രദ്ധിച്ചു. ഇയാളെക്കുറിച്ച് എന്തു സ്‌റ്റോറി ചെയ്യാനെന്ന് ചിന്തിക്കാതിരുന്നില്ല.
ശില്പിയാണ്, കലാകാരനാണ് എന്നൊന്നുമാലോചിച്ചില്ല. ഒരു മരപ്പണിക്കാരന്‍, അത്രയേ എന്റെ പരിഗണനയില്‍ ഉണ്ടായിരുന്നുള്ളൂ.
ഒരു സ്‌റ്റോറി ഉണ്ട്. ഫോട്ടോ എടുക്കേണ്ടിവരും. ഫോട്ടോഗ്രാഫറോട് ഇന്റര്‍കോമിലൂടെ പറയുന്നതുകേട്ടപ്പോള്‍ പോക്കറ്റില്‍ നിന്നു ചീര്‍പ്പെടുത്ത് ശങ്കരേട്ടന്‍ തലമുടി ചീകിയൊതുക്കാന്‍ തുടങ്ങി.
സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ് മരത്തില്‍ തീര്‍ത്ത ശില്‍പങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ അടങ്ങിയ ആല്‍ബം അയാളെനിക്കു തന്നു.
ഞാന്‍ ആല്‍ബത്തിന്റെ പേജുകള്‍ മറയ്ക്കുമ്പോള്‍ അയാള്‍ ചുവരിലെ മാതാവിന്റെ ചിത്രത്തിലേക്കും എയര്‍ കണ്ടീഷനിലേക്കുമെല്ലാം മാറിമാറി നോക്കുന്നുണ്ടായിരുന്നു.
ശില്‍പം നിര്‍മിക്കാനെടുക്കുന്ന സമയത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചുമെല്ലാം ചിത്രങ്ങള്‍ നോക്കുന്നതിനിടയ്ക്ക് ഞാന്‍ ചോദിച്ചു.
മനോഹരമായ ശില്‍പങ്ങളായിരുന്നെങ്കിലും വിരസമായി നോക്കിയ ശേഷം ആല്‍ബം തിരികെ നല്‍കി.
സംസാരിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് മുന്നിലിരിക്കുന്ന ആളോട് എനിക്കു ബഹുമാനം തോന്നിയത്. ശങ്കരേട്ടന് ഒരു ഗുരു ഇല്ലെന്നും മുപ്പതാം വയസിലാണ് ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതെന്നുമൊക്കെ അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. പുരാണങ്ങളെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. ഒരു മണിക്കൂറിലധികം നീണ്ട ദീര്‍ഘ സംഭാഷണത്തില്‍ പക്ഷേ ശില്‍പകലയെക്കുറിച്ച് അധികമൊന്നും പറഞ്ഞില്ല.
അറിവുണ്ടെങ്കിലും എത്ര സാധാരണമായാണ് അയാള്‍ പെരുമാറുന്നത്. ചിലപ്പോള്‍ കലാകാരന്‍മാര്‍ എല്ലാവരും ഇങ്ങനെയായിരിക്കുമെന്ന് തോന്നി.
പോകുന്നതിനു മുമ്പ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി പത്രത്തില്‍ തന്നെക്കുറിച്ച് വന്ന വാര്‍ത്തയുടെ നിറം മങ്ങിയ കടലാസ് ശങ്കരേട്ടന്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് എടുത്ത് കാണിച്ചു.
1994ലാണ് ആ വാര്‍ത്ത വന്നിരിക്കുന്നത്. 91ല്‍ ജനിച്ച എനിക്കപ്പോള്‍ മൂന്നു വയസായിരിക്കുമല്ലോ എന്ന് ഓര്‍ത്തു.
പക്ഷെ ഇരുപതു വര്‍ഷം മുമ്പെടുത്ത ഫോട്ടോയിലും ശങ്കരേട്ടന്‍ ഏതാണ്ട് അങ്ങനെ തന്നെയാണ്.
ചേട്ടനുവലിയ മാറ്റമൊന്നുമില്ലല്ലോ..? ഞാന്‍ പറഞ്ഞു.
ശങ്കരേട്ടന്‍ ശബ്ദമുണ്ടാക്കാതെ ചിരിച്ചതേയുള്ളൂ.
യാത്രപറഞ്ഞ് പിരിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് ഒരു സ്‌റ്റോറിക്കുവേണ്ട വിവരങ്ങളൊന്നും ഞാന്‍ കുറിച്ചെടുത്തിരുന്നില്ല.
എങ്കിലും സംസാരിച്ച കാര്യങ്ങളൊക്കെവച്ചു ഒരെണ്ണം തട്ടിക്കൂട്ടി.
അങ്ങനെ ശങ്കരന്‍ ശില്‍പിയായി... പുസ്തകങ്ങളിലൂടെ. എന്നൊരു തലക്കെട്ടുമിട്ടു.

ജൂണ്‍ മാസത്തില്‍ രാഷ്ട്രദീപികയില്‍ വന്ന സ്റ്റോറി ഇതോടൊപ്പം ചേര്‍ക്കുന്നു.

...............................................................
അങ്ങനെ ശങ്കരന്‍ ശില്‍പിയായി ;
പുസ്തകങ്ങളിലൂടെ

തൃശൂര്‍: വരടിയം സ്വദേശിയായ ശില്‍പി വി.സി. ശങ്കരന്‍ മരത്തടികളില്‍നിന്ന് സൗന്ദര്യരൂപങ്ങളെ കണ്ടെടുക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടാകുന്നു. നൂറുകണക്കിന് ജീവന്‍ തുടക്കുന്ന ശില്പങ്ങള്‍ തീര്‍ത്തുകഴിഞ്ഞെങ്കിലും ആ മാന്ത്രികവിദ്യ താനെങ്ങനെ വശത്താക്കിയെന്നത് ശങ്കരന് ഇന്നും വിസ്മയമാണ്.
ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരച്ചിരുന്ന ശങ്കരന് പക്ഷേ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ഒരു ജോലിയായിരുന്നു ആവശ്യം. ചാലക്കുടി ഐടിഐയില്‍ പഠിച്ചിറങ്ങി ഒരു വര്‍ഷം ജോലിയും ചെയ്തു. കലയുടെ ഉള്‍വിളിയെ അവഗണിക്കാനാവാതെ ആ ജോലി ഉപേക്ഷിച്ച് ബോര്‍ഡെഴുത്ത്, പ്രോട്രൈറ്റ് വര തുടങ്ങിയ ചില്ലറ ജോലികള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴും ഒരു ശില്‍പിയായി മാറുമെന്ന് അയാള്‍ കരുതിയിരുന്നില്ല.
ഉളിപിടിച്ചുപരിചയമുണ്ടോ? 30ാം വയസില്‍ തച്ചുശാസ്ത്രം പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നപ്പോള്‍ ശില്പി ശിവന്‍ ആശാന്‍, ശങ്കരനോട് ചോദിച്ചത് ഒരേയൊരുകാര്യം മാത്രം. ചെയ്യാം എന്നായിരുന്നു മറുപടി. തിരുവമ്പാടി ക്ഷേത്രത്തിനുടുത്തെ ഗുരുവിന്റെ വീട്ടിലുള്ള തച്ചുശാസ്ത്രപഠനം മൂന്നു മാസം മാത്രമേ തുടരാനായുള്ളു. ശില്പകലയുടെ ബാലപാഠങ്ങള്‍പോലും വശത്താക്കാനാവാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ശങ്കരന്‍ ശില്‍പിയാകണമെന്ന തന്റെ ആഗ്രഹത്തെ കൈവിട്ടില്ല. പ്രായം, കുലം, സാമ്പത്തിക ശേഷി ഇതൊന്നും ആ ലക്ഷ്യത്തിന് തടസവുമായില്ല. തച്ചുശാസ്ത്രപരമായ കണക്കുകളും ശില്പകലയിലെ ചില നുറുങ്ങുവിദ്യകളുമൊക്കെ പിന്നീട് പുസ്തകങ്ങളില്‍ നിന്ന് പഠിക്കാന്‍ തീരുമാനിച്ചു.
പയ്യന്നൂര്‍ കേശവനാചാരിയുടെ ചിത്രശില്പ ശാത്രഗന്ധം എന്ന പുസ്തകം തൃശൂരിലെ ഒരു ബുക്സ്റ്റാളില്‍ നിന്ന് ലഭിച്ചത് ജീവിതത്തിലെ വഴിത്തിരിവായി. ഏകലവ്യനെപ്പോലെ മനസില്‍ ഗുരുവായി കാണുന്നതും പയ്യന്നൂര്‍ കേശവനാചാരിയെ തന്നെ.
കാണിപ്പയ്യൂര്‍ നമ്പൂതിരിയുടെ ശില്പതന്ത്രം, വിഷ്ണു ധര്‍മോത്തമ പുരാണത്തിലെ ശില്പസൂത്ര തുടങ്ങിയ പുസ്തകങ്ങളിലൂടെ കൂടുതല്‍ ആഴത്തിലുള്ള അറിവുകള്‍ നേടി. ശില്പിയെന്തിന് ഉപനിഷത്തുകളെക്കുറിച്ചും നാട്യശാസ്ത്രത്തെക്കുറിച്ചുമെല്ലാം അറവുനേടണം. അയാള്‍ക്ക് ഉളിപിടിക്കാനുള്ള കൈയുറപ്പുമാത്രം പോരെ? പോര എന്നാണ് ശങ്കരന്‍ പറയുന്നത്. ഭാവങ്ങളുടെ പൂര്‍ണതയ്ക്കായി പൗരാണിക ഗ്രന്ധങ്ങളില്‍നിനിന്ന് അയാള്‍ തനിക്കു ആവശ്യമുള്ളതെല്ലാം കണ്ടെത്തി. നേടിയെടുത്ത അറിവ് ആ കരവിരുതില്‍ വിരിഞ്ഞ ശില്‍പങ്ങളില്‍ പ്രതിഫലിച്ചു.
ലക്ഷ്മിനാരായണ, ക്രിസ്തുവിന്റെ വിവിധരൂപങ്ങള്‍, വിമോക്ഷ, ചണ്ടാല ഭിക്ഷുകി, കന്യാമറിയം, ഗീതോപദേശം തുടങ്ങി നിരവധി ശില്‍പങ്ങള്‍ ശങ്കരന്റേതായുണ്ട്. കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനത്ത് സ്ഥാപിച്ച മദര്‍തെരേസയുടെ ശില്പം ശങ്കരന്റെ സൃഷ്ടിയാണെന്നത് അധികമാര്‍ക്കുമറിയില്ല. ഒളരി ലിറ്റില്‍ഫഌവര്‍ ദേവാലയത്തിലെ പത്തടിയിലധികം ഉയരമുള്ള ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് സൃഷ്ടിച്ചവയില്‍ ഏറ്റവും വലിപ്പമുള്ളത്. 2002ലെ ദുബായ് ഫെസ്റ്റിവലില്‍ ശങ്കരന്‍ ഈട്ടിത്തടിയില്‍ രൂപപ്പെടുത്തിയ 15 അടി നീളമുള്ള ദിനോസര്‍ ശില്പം സ്ഥാനം പിടിച്ചത് വാര്‍ത്തയായിരുന്നു. കുട്ടുക്കാലത്ത് താന്‍ പഠിക്കാനഗ്രഹിച്ച ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സന്ദര്‍ശകാധ്യാപകനായി ക്ലാസെടുക്കാനുള്ള അവസരവും ശങ്കരന് ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വിസിറ്റിംഗ് ഫാക്കല്‍റ്റിയില്‍ ശങ്കരന്‍ ശില്പകലാ അധ്യാപകന്റെ വേഷമണിഞ്ഞത്.
അംഗീകാരങ്ങള്‍ തന്നെ തേടിവരാത്തത്തില്‍ ശങ്കരന് വിഷമമൊന്നുമില്ല. ഓരോ ശില്പവും പൂര്‍ത്തിയാകുമ്പോള്‍ ശില്പിക്കുണ്ടാവുന്ന സംതൃപ്തി. അതുമതി അദ്ദേഹത്തിന്. വരടിയത്തുള്ള ശങ്കരന്റെ വീട് എന്നുമൊരു പണിശാലയാണ്. മരത്തില്‍ ഉളിപതിയുന്ന ശബ്ദം അവിടെനിന്ന് എപ്പോഴും കേള്‍ക്കാം. ഏകലവ്യനു സംഭവിച്ചതുപോലെ സാങ്കല്പിക ഗുരുക്കന്‍മാരാരും പെരുവിരല്‍ തേടി വരാതിരുന്നതിനാല്‍ അയാള്‍ ഇപ്പോഴും ശില്‍പങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു.